മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പോലീസ് പിടികൂടി.
ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പോലീസ് അറിയിച്ചു.
മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്.
നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാല് തെരുവ് നായ്ക്കള്‍ വലിച്ചിഴക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.